പാലക്കാട്: കാര്‍ഷിക മേഖലയിലെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ കര്‍ഷകരിലേക്ക് നേരിട്ടെത്തിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ്. ആലത്തൂര്‍ ഹൈടെക് നെല്‍വിത്ത് ഗോഡൗണിന്റെ ഉദ്ഘാടനം, ‘കതിര്’ പോര്‍ട്ടലില്‍ നെല്‍പ്പാടങ്ങളുടെ ജി.ഐ.എസ് മാപ്പിങ്, ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാന്‍ മേള എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈടെക് സീഡ് ഫാം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെയും ഫാമുകളുടെയും വരുമാനം വര്‍ധിപ്പിക്കും. യന്ത്രവല്‍കൃത വിത്തുത്പാദനം, നൂതന സംഭരണ-സംസ്കരണ പദ്ധതികള്‍, പോളിഹൗസുകള്‍, സോളാര്‍ പമ്പുകള്‍, റിമോട്ട് സെന്‍സിങ്, ഇന്റലിജന്റ് ഫാമിങ്, പരിശീലനം തുടങ്ങിയവ ഉള്‍പ്പെടുത്തി ഫാമുകള്‍ പൂര്‍ണ്ണസജ്ജമാക്കും. ഡിജിറ്റല്‍ വിവരശേഖരണത്തിന്റെ ഭാഗമായി നെല്‍പ്പാടങ്ങളുടെ വിവരങ്ങള്‍ ‘കതിര്’ പോര്‍ട്ടലുമായി ബന്ധിപ്പിച്ചുള്ള ജി.ഐ.എസ് മാപ്പിങ് നിലവില്‍ ഏഴ് ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള അഞ്ച് സീഡ് ഫാമുകളില്‍ നിന്നായി പ്രതിവര്‍ഷം 75 ടണ്‍ നെല്‍വിത്തും വിവിധയിനം തൈകളും ഉത്പാദിപ്പിച്ച് 45 ലക്ഷം രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആലത്തൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയര്‍ ആര്. ജയരാജന്, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ (ഫാംസ്) രജനി മുരളീധരന് എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി.കെ ഷിബി കൃഷ്ണ, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹരിത സുഭാഷ്, പി.എം. കലാധരന്‍, പി. വിജയകുമാരി, കെ. ഉദയന്‍, ഗിരിജ രാജന്, സുജ ശിവരാജന്, പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. അറുമുഖപ്രസാദ്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


