അബുദാബി: അബുദാബിയിലെ ഗതാഗത മേഖലയിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന മിഡ്-ഐലൻഡ് പാർക്ക്വേ മെഗാ പദ്ധതിയുടെ ആദ്യഘട്ടം 2027ൽ പൂർത്തിയാകുമെന്ന് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് (ഡിഎംടി). പദ്ധതി യാഥാർഥ്യമാകുന്നതോടെ സാദിയാത്ത് ഐലൻഡിൽ നിന്ന് റീം ഐലൻഡിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലാകും.നിലവിലെ 25 മിനിറ്റ് യാത്രാസമയം വെറും 10 മിനിറ്റായി ചുരുങ്ങുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ എട്ട് വരിപ്പാതയുള്ള ഇരട്ട കാരിയേജ്വേയാണ് ഒരുക്കുന്നത്. E12 ഹൈവേയിലെ സാദിയാത്ത് ഐലൻഡിന്റെ വടക്കൻ ഇന്റർചേഞ്ചിൽ നിന്ന് ദ്വീപിന്റെ തെക്കൻ ഭാഗത്തേക്കും തുടർന്ന് ഉം യിഫീന ഐലൻഡ് സെൻട്രൽ ഇന്റർചേഞ്ചിലേക്കുമാണ് റോഡ് നീളുന്നത്.
അബുദാബി ഒരുക്കുന്ന ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ മാതൃകയാണ് മിഡ്-ഐലൻഡ് പാർക്ക്വേ പദ്ധതിയെന്ന് ഡിഎംടി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ ഈസ മുബാറക് അൽ മസ്റൂയി പറഞ്ഞു. നഗരത്തിന്റെ ജീവിത നിലവാരവും ജനങ്ങളുടെ സൗകര്യങ്ങളും പരിഗണിച്ചാണ് പദ്ധതിയുടെ രൂപകൽപ്പനയും നിർമാണവും നടത്തുന്നതെന്നും ടൂറിസം, വ്യാപാരം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകൾക്കും പദ്ധതി ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.ആദ്യഘട്ടത്തിൽ രണ്ട് കിലോമീറ്റർ വീതം നികത്തിയ ഭൂമിയിലൂടെ റോഡ് കടന്നുപോകും. മണ്ണൊലിപ്പ് തടയുന്നതിനായി 150,000 ചതുരശ്ര മീറ്റർ സംരക്ഷണ പാറകളും സ്ഥാപിക്കും.
തുടർന്ന് 1.5 കിലോമീറ്റർ ഭൂഗർഭ പാതയിലൂടെയും റോഡ് കടന്നുപോകും. ഇതിൽ ഖോർ ലഫാന്റെ അടിയിലൂടെ 11 മീറ്റർ ആഴത്തിൽ ഒരുക്കുന്ന 600 മീറ്റർ നീളമുള്ള അണ്ടർവാട്ടർ ഭാഗവും ഉൾപ്പെടും. നിർമാണം വേഗത്തിലാക്കുന്നതിനായി സൈറ്റിന് പുറത്തുതന്നെ നിർമിച്ച പ്രീകാസ്റ്റ് കോൺക്രീറ്റ് മേൽക്കൂര പാനലുകൾ ഉപയോഗിച്ചതായും അധികൃതർ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നാല് കിലോമീറ്റർ നടപ്പാതകളും സൈക്കിൾ ട്രാക്കുകളും കൂടി ഒരുക്കും. നിലവിലുള്ള സാദിയാത്ത് പാതയുമായി ബന്ധിപ്പിച്ച് ഉം യിഫീന ഐലൻഡിലേക്ക് നീളുന്ന 12 കിലോമീറ്റർ സജീവ ഗതാഗത ഇടനാഴിയാക്കി ഇത് വികസിപ്പിക്കും. പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി 23,000 മീറ്റർ സ്മാർട്ട് എനർജി-സേവിംഗ് ലൈറ്റുകളും, പ്രാദേശികമായി ലഭ്യമാക്കുന്ന റീസൈക്കിൾ ചെയ്ത നിർമാണ വസ്തുക്കളും ഉപയോഗിക്കും.
വരൾച്ചയെ പ്രതിരോധിക്കാൻ കഴിയുന്ന പ്രാദേശിക സസ്യങ്ങൾക്കായി 14,000 മീറ്റർ നീളമുള്ള ജലസേചന ശൃംഖലയും ഒരുക്കും.മിഡ്-ഐലൻഡ് പാർക്ക്വേയുടെ രണ്ടാംഘട്ടം 14.5 കിലോമീറ്റർ നീളത്തിൽ ബിൽറമൈദ്, സമാലിയ ദ്വീപുകൾ വഴി സാസ് അൽ നഖ്ൽ, അൽ റാഹ ബീച്ച്, ഖലീഫ സിറ്റി എന്നിവയുമായി ബന്ധിപ്പിക്കും. ഇരു ദിശകളിലും നാല് വരിപ്പാതകളുള്ള റോഡാണ് ഇവിടെ ഒരുക്കുക. ഇതോടെ മിഡ്-ഐലൻഡ് യാത്രാസമയം ഏകദേശം ഏഴ് മിനിറ്റായി കുറയ്ക്കുകയാണ് ലക്ഷ്യം. മറൈൻ പാലങ്ങൾ, ഉയർന്ന ഫ്ലൈഓവറുകൾ, അണ്ടർവാട്ടർ റോഡ് ടണൽ എന്നിവയും രണ്ടാംഘട്ടത്തിൽ ഉൾപ്പെടും. ചതുപ്പുനിലങ്ങൾ, കണ്ടൽക്കാടുകൾ, തീരദേശ ആവാസവ്യവസ്ഥ എന്നിവയ്ക്ക് സംരക്ഷണം ഉറപ്പാക്കുന്ന തരത്തിലാണ് ടണൽ രൂപകൽപ്പന ചെയ്യുന്നത്.



