തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വേനലവധി കാലത്ത് പ്രത്യേക ക്ലാസുകൾ നടത്തുന്നതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കർശന മുന്നറിയിപ്പ് നൽകുമ്പോഴും, അവധിക്കാലത്ത് പഠനപിന്തുണ ക്ലാസുകൾ നടത്താൻ നിർദ്ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ഏപ്രിൽ 14-ന് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, 5 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക മൂല്യനിർണ്ണയത്തിൽ പിന്നാക്കം പോയ കുട്ടികൾക്കായി പഠനപിന്തുണ പരിപാടി നടപ്പിലാക്കാൻ നിർദ്ദേശിക്കുന്നു.
എന്നാൽ വേനലവധി കാലത്ത് സ്കൂളുകളിൽ ഒരു തരത്തിലുള്ള പ്രത്യേക ക്ലാസുകളും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിച്ച് മാർച്ച് അവസാന പ്രവൃത്തിദിനം മുതൽ മെയ് വരെ വിദ്യാർത്ഥികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണെന്നും ഇത് കർശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
