പത്തനംതിട്ട: പി എം ശ്രീ പദ്ധതിയെ കുറിച്ച് തീരുമാനം പറയാതെ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. പി എം ശ്രീ പദ്ധതി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രം പലതവണ റിമൈന്‍ഡര്‍ അയക്കുന്നുണ്ടെന്ന് എന്‍ ഷംസുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട പദ്ധതി നടപ്പാക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ സർക്കാർ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇക്കാര്യത്തില്‍ എപ്പോൾ തീരുമാനമാകും എന്ന കാര്യത്തില്‍ മന്ത്രി കൃത്യമായി മറുപടി പറഞ്ഞില്ല.
അതേസമയം, മുഖ്യമന്ത്രി വിഡി സതീശനെതിരായ യുഡിഎഫ് കൺവീനറുടെ പരാതി കോൺഗ്രസ് ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എൻ ഷംസുദ്ദീൻ പ്രതികരിച്ചു. ലീഗിൽ മന്ത്രിമാർ എല്ലാ കാര്യങ്ങളും പാർട്ടിയോട് പറഞ്ഞ് തന്നെയാണ് ചെയ്യാറുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സ്കൂൾ ഗെയിംസിനിടെ ഉണ്ടായ അപകടത്തില്‍ സർക്കാരിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും ശക്തമായ കാറ്റും മഴയും വന്നതുകൊണ്ടാണ് അപകടമുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു. കുട്ടികളിൽ ചിലർക്ക് പരിക്ക് പറ്റിയതുകൊണ്ടാണ് തൽക്കാലത്തേക്ക് മേള നിർത്തിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെസ്സി തട്ടിപ്പ് കേസിലെ നടപടികൾ അതിന്റെ വഴിക്ക് മുന്നോട്ടുപോകുമെന്നും തെറ്റ് ചെയ്തവർ നിയമത്തിന് മുന്നിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.



