കൊല്ലം: കൊട്ടാരക്കരയിലുണ്ടായ ടിപ്പര്‍ അപകടത്തിന് കാരണം വാഹനത്തിന്‍റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമെന്ന് കണ്ടെത്തൽ. അപകട സമയത്ത് ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നൽകി. വാഹനത്തിന്റെ സ്പീഡ് വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്. അപകടത്തിൽ മോട്ടോര്‍ വഹാന വകുപ്പ് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി സബ് ആര്‍ടിഒയിലെ എം വി ഐ സുധിന്‍ ഗോപി, എ എം വി ഐ ശരത് എസ് കുമാര്‍ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
കൃത്യമായ പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാണ് നടപടി. അപകടത്തില്‍പ്പെട്ട വാഹനത്തിന് 17 വര്‍ഷത്തെ പഴക്കമുണ്ടെന്നും ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. സമയം ലാഭിക്കാന്‍ വേണ്ടിയാണ് ഡ്രൈവര്‍ നിസാം ടിപ്പര്‍ വേഗത്തില്‍ ഓടിച്ചത്. കൊട്ടാരക്കര എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജൂണ്‍ 23നായിരുന്നു കൊട്ടാരക്കരയെ ഒന്നാകെ നടുക്കിയ അപകടം ഉണ്ടായത്. ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് മേല്‍ ലോറി പാഞ്ഞുകയറുകയായിരുന്നു. മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. കുടവട്ടൂര്‍ സ്വദേശിയായ ഹരിലാല്‍, ഓയൂര്‍ കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാര്‍ എന്നിവരായിരുന്നു മരിച്ചത്.
