ലണ്ടന്‍: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ദശകങ്ങള്‍ പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യയുടെ പുതിയ അത്ഭുതബാലന്‍ വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിലാണ് 15 വയസ്സും 99 ദിവസവും മാത്രം പ്രായമുള്ള ഈ ഇടംകൈയന്‍ ബാറ്റര്‍ ഇന്ത്യയ്ക്കായി പാഡ് അണിഞ്ഞത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വര്‍ഷങ്ങളായി കൈവശം വെച്ചിരുന്ന ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര താരമെന്ന റെക്കോര്‍ഡാണ് സൂര്യവംശി തിരുത്തിയത്. തന്റെ അരങ്ങേറ്റ മത്സരത്തില്‍ 10 പന്തുകളില്‍ നിന്ന് 14 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും, താരം അടിച്ച രണ്ട് കൂറ്റന്‍ സിക്‌സറുകള്‍ അദ്ദേഹത്തിന്റെ നിര്‍ഭയമായ ബാറ്റിംഗിന് തെളിവായിരുന്നു. ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച യുവതാരം ജേക്കബ് ബേഥല്‍ സൂര്യവംശിയുടെ ബാറ്റിംഗിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ”എന്നെക്കാള്‍ ഏഴ് വയസ് ഇളയ ഒരാള്‍ക്കെതിരെ കളിക്കുന്നു എന്ന് പറയുന്നത് തന്നെ വിചിത്രമായി തോന്നുന്നു. ഇന്ത്യയില്‍ വെച്ചും ഞാന്‍ അവന്റെ ബാറ്റിംഗ് കണ്ടു. ബാറ്റ് സ്വിങ് ചെയ്യുന്ന രീതിയും മറ്റും സുന്ദരമാണ്. അവിശ്വസനീയമായ പ്രതിഭ തന്നെയാണ് വൈഭവ്.” 22-കാരനായ ബേഥല്‍ പറഞ്ഞു.
വൈഭവിന്റെ ബാറ്റിംഗിനെ കുറിച്ച് ഇംഗ്ലണ്ട് താരം ജേക്കബ് ബേഥല്‍
