വയനാട് മണ്ണിടിച്ചിൽ ദുരന്തം ദാരുണവും ഞെട്ടിപ്പിക്കുന്നതുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വയനാട് മേപ്പാടി തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെ തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും പുറത്തെടുക്കാന്‍ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്. സര്‍ക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നും പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയും കുറ്റകരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടോ എന്ന ഗൗരവപൂര്‍വ്വമായ പരിശോധന ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇതിനിടെ പ്രദേശത്തെ മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി മാനേജറും കഴിഞ്ഞ മാസം 20-ന് തന്നെ ഉത്തരവിറക്കിയതായിരുന്നു എന്നും കരാറുകാര്‍ നിര്‍ദേശം പാലിച്ചില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണെന്നും ദൗര്‍ഭാഗ്യകരമായ ദുരന്തമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഒടുവിലത്തെ വിവരം അനുസരിച്ച് മണ്ണിടിച്ചിലില്‍ മരണസംഖ്യ നാലായി. ഏഴ് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്

വയനാട് കളളാടിയില്‍ തുരങ്കപാതയ്ക്ക് സമീപം രാവിലെ പത്തുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ നാല് പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഹിര കുമാര്‍ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂര്‍ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാല്‍ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാര്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫ് സംഘങ്ങളും സ്ഥലത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *