‘വന്നുവന്ന് ‘അമ്മ’ ഒരു കോമഡിയാവുന്നുണ്ട്’; ശ്വേതയെ പരിഹസിച്ച് ഭാഗ്യലക്ഷ്മി

താരസംഘടന ‘അമ്മ’യിലെ വിവാദങ്ങളിൽ ശ്വേതാ മേനോനെ പരിഹസിച്ച് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. തന്റെ രാജിയുമായി ബന്ധപ്പെട്ട് ശ്വേതാ മേനോൻ നടത്തിയ പരാമർശത്തിനെതിരെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. വന്നുവന്ന്, ‘അമ്മ’ ഒരു കോമഡിയാവുന്നുണ്ടെന്ന് ഭാഗ്യലക്ഷ്മി പരിഹസിച്ചു.

‘മോഹൻലാലിനെ പുറത്താക്കാൻ നോക്കുന്ന പവർ ഗ്രൂപ്പോ. അതാരാടോ അത്ര വലിയ പവർമാൻ. വന്നുവന്ന് കോമഡിയാവുന്നുണ്ട്, ‘അമ്മ’,’ എന്നായിരുന്നു ഭാഗ്യലക്ഷ്മി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്. തന്നെ ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കാൻ ശ്രമിച്ചത് പവർഗ്രൂപ്പ് ആണെന്ന ആരോപണവുമായി ശ്വേതാ മേനോൻ രംഗത്തെത്തിയിരുന്നു. ‘ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ പവർഗ്രൂപ്പിനെ ഒരിക്കലും ഒറ്റയ്ക്ക് നേരിടാൻ കഴിയില്ല. ഞാൻ അമ്മ പ്രസിഡന്റായി മത്സരിച്ച അന്നുമുതൽ ഇന്ന് വരെ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാൽ മനസിലാകും. എന്തിന് ലാലേട്ടൻ വരെ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുപോയില്ലേ, കുറ്റാരോപിതർ ചെയ്യുന്ന തിരിമറികൾക്കും തട്ടിപ്പുകൾക്കും എന്തിന് ചീത്തപ്പേർ കേൾക്കണം എന്ന് ലാലേട്ടൻ വരെ ചിന്തിച്ചില്ലേ’, ശ്വേത കഴിഞ്ഞ ദിവസം പങ്കുവെച്ച പ്രസ്താവനയിൽ ചോദിച്ചു.തന്റെ പോരാട്ടത്തിലൂടെ പവർഗ്രൂപ്പ് അമ്മ അംഗങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടുവെന്നും ശ്വേത അവകാശപ്പെട്ടിരുന്നു. പവർഗ്രൂപ്പ് എന്ന തലക്കെട്ടിൽ പങ്കുവെച്ച പ്രസ്താവനയിലായിരുന്നു ആരോപണം. അതേസമയം, ‘അമ്മ’യിൽനിന്ന് രാജിവെക്കാനുള്ള രേവതിയുടെയും പത്മപ്രിയയുടെയും തീരുമാനത്തെ ഭാഗ്യലക്ഷ്മി സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *