കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണ ശ്രമമുണ്ടായതായി പ്രതിരോധ മന്ത്രാലയം. ആക്രമണ ഭീഷണികളെ രാജ്യം ശക്തമായി പ്രതിരോധിച്ചതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിലവിൽ സജീവമായി രംഗത്തുണ്ടെന്നും ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിച്ചു വരികയാണെന്നും സൈന്യം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനം ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് നിർവീര്യമാക്കുന്നതിന്റെ ഭാഗമായിട്ടുള്ളതാണെന്ന് സൈനിക വക്താക്കൾ അറിയിച്ചു. നിലവിലുള്ള പ്രതിരോധ നടപടികളുടെ തുടർച്ചയാണിതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. സാഹചര്യങ്ങൾ അധികൃതർ കൃത്യമായി നിരീക്ഷിച്ചു വരികയാണ്. പൊതുജനങ്ങൾ യാതൊരു കാരണവശാലും പരിഭ്രാന്തരാകരുതെന്നും ബന്ധപ്പെട്ട ഔദ്യോഗിക മന്ത്രാലയങ്ങൾ പുറപ്പെടുവിക്കുന്ന സുരക്ഷാ-മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു.



