കെസിഎൽ മൂന്നാം സീസൺ ലേലപ്പട്ടിക പുറത്ത് 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം സീസണ് മുന്നോടിയായുള്ള താരലേലത്തിനുള്ള താരങ്ങളുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൂൾ എ, പൂൾ ബി, പൂൾ സി വിഭാഗങ്ങളിലായി 156 താരങ്ങളെയാണ് ലേലത്തിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. ശനിയാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന താരലേലം നടക്കുക.

ഓരോ ടീമിനും പരമാവധി 20 താരങ്ങളെയും കുറഞ്ഞത് 16 താരങ്ങളെയുമാണ് ലേലത്തിലൂടെ സ്വന്തമാക്കുക. ഇതിൽ 17 പേരെ വിവിധ ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും നാല് താരങ്ങളെ വീതവും കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും ട്രിവാൺഡ്രം റോയൽസും മൂന്ന് പേരെ വീതവും കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ടും ആലപ്പി റിപ്പിൾസ് ഒരു താരത്തെയും വീതമാണ് നിലനിർത്തിയിട്ടുള്ളത്. ബാക്കിയുള്ള സ്ഥാനങ്ങളിലേക്കുള്ള താരങ്ങളെയാണ് ലേലത്തിലൂടെ തിരഞ്ഞെടുക്കുക.

കളിക്കാരുടെ പരിചയസമ്പത്തും കളിമികവും അടിസ്ഥാനമാക്കിയാണ് മൂന്ന് കാറ്റഗറികളായി തിരിച്ചിരിക്കുന്നത്. പൂൾ എയിൽ 32 താരങ്ങളാണ് ഉള്ളത്. ബിസിസിഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎൽ, ഇന്ത്യ അണ്ടർ 19 എന്നിവയിൽ കളിച്ചിട്ടുള്ള താരങ്ങളെയാണ് എ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക. സച്ചിൻ ബേബി, വിഷ്ണു വിനോദ്, ബേസിൽ തമ്പി, നിധീഷ് എം ഡി തുടങ്ങിയ താരങ്ങളാണ് പൂൾ എയിൽ ഉള്ളത്. അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ കളിച്ച ബി കാറ്റഗറിയിലെ താരങ്ങൾക്ക് ഒന്നര ലക്ഷവും ജില്ലാ, സോണൽ, കെസിഎ ടൂർണമെന്റുകളിൽ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങൾക്ക് 75,000 രൂപയുമാണ് അടിസ്ഥാന തുക.

Leave a Reply

Your email address will not be published. Required fields are marked *