റിയാദ്: ആരോഗ്യ സേവനങ്ങൾ നവീകരിക്കുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ പുതിയ പരിഷ്കാരങ്ങൾ ഫലം കാണുന്നു. 2022 ൽ 77 വയസ്സായിരുന്നു ശരാശരി ആയുർദൈർഘ്യമെങ്കിൽ 2024 ൽ സൗദിയിലെ ശരാശരി ആയുർദൈർഘ്യം 79 ആയി ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2030 ഓടെ സൗദിയിലെ ശരാശരി ആയുർദൈർഘ്യം 80 വയസ്സിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്
ചികിത്സിക്കുന്നതിനേക്കാളേറെ രോഗപ്രതിരോധത്തിന് മുൻഗണന നൽകുന്നതും, വിട്ടുമാറാത്ത രോഗങ്ങളുടെ മികച്ച മാനേജ്‌മെന്റും, രോഗ പരിചരണ സംവിധാനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കിയതുമാണ് ഈ നേട്ടത്തിന് കാരണമായത്. മനുഷ്യന്റെ ആരോഗ്യത്തിനും സുസ്ഥിരമായ ജീവിതനിലവാരത്തിനും പ്രഥമ പരിഗണന നൽകുന്ന ‘മിനിസ്റ്റീരിയൽ കമ്മിറ്റി ഫോർ ഹെൽത്ത് ഇൻ ഓൾ പോളിസീസ്’ എന്ന സമിതിയുടെ നേതൃത്വത്തിലുള്ള സർക്കാർ സമീപനത്തിന്റെ വിജയം കൂടിയാണ് ഈ പുരോഗതി വ്യക്തമാക്കുന്നത്.
