ജ്യോതികയിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ സിനിമയ്ക്ക് ഗുണകരമായി..’; തുറന്നുപറഞ്ഞ് വെങ്കി അറ്റ്ലൂരി

ചെന്നൈ : സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകൻ വെങ്കി അറ്റ്ലൂരി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സിനിമയുടെ തിരക്കഥ ജ്യോതികയുടെ ചർച്ച ചെയ്തപ്പോൾ സിനിമയ്ക്ക് വേണ്ടി ചില നിർദ്ദേശങ്ങൾ അവർ നൽകിയെന്നും അത് സിനിമയ്ക്ക് ഗുണം ചെയ്തുവെന്നും വെങ്കി അറ്റ്ലൂരി പറയുന്നു. “വിശ്വനാഥ് ആൻഡ് സൺസിന്റെ കഥ ജ്യോതിക മാമിനോട് വിവരിക്കുകയുണ്ടായി. അവർക്ക് സിനിമയിലെ വിഷയം വളരെ ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് സിനിമയുടെ ആദ്യ പകുതി. സിനിമയ്ക്കായി അവർ ചില നിർദ്ദേശങ്ങളും നൽകി. പലരോടും ഞാൻ ഈ തിരക്കഥ വിവരിച്ചിട്ടുണ്ടെങ്കിലും, ജ്യോതിക മാമിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ വളരെ സഹായകമായിരുന്നു. അവർ നിർദ്ദേശിച്ച മാറ്റം എന്താണെന്ന് സിനിമ റിലീസ് ചെയ്തതിനു ശേഷം ഞാൻ വെളിപ്പെടുത്താം” വെങ്കി അറ്റ്ലൂരി പറയുന്നു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു വെങ്കി അറ്റ്ലൂരിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *