ഡൽഹി : കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ ദില്ലിയില്‍ നടന്നുവന്നിരുന്ന വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വച്ചത് ഇന്നലെയാണ്. ഒരു മാസത്തിലേറെ നീണ്ട സമരത്തിന് ഇതോടെ അവസാനമാവുകയും ചെയ്തു. മന്ത്രിയുടെ രാജി കൂടാതെ സിജെപി മുന്നോട്ടുവച്ച ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജീവന്‍ വെടിഞ്ഞ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കണമെന്നായിരുന്നു സിജെപിയുടെ ഒരു ആവശ്യം. സാധ്യമായ ഏറ്റവും ഉയര്‍ന്ന തുക നഷ്ടപരിഹാരമായി നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സമരാന്ത്യത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്.
“രാജ്യം സംസാരിച്ചു. ഒടുവില്‍ ഉത്തരങ്ങള്‍ നല്‍കപ്പെട്ടു. ഇപ്പോള്‍, അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശരിയായ കാര്യം ചെയ്യുക”, മാധവ് സുരേഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. നേരത്തെ ദില്ലി സമരത്തെക്കുറിച്ച് മാധവ് സുരേഷ് നടത്തിയ പ്രതികരണം ചില കോണുകളില്‍ നിന്ന് വിമര്‍ശനം നേരിട്ടിരുന്നു. നിർബന്ധിച്ച് ഒരു പ്രതിഷേധത്തെ പിന്തുണപ്പിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മിണ്ടാതിരിക്കാനുള്ള ഒരുവന്റെ അവകാശത്തിന്റേയും ലംഘനമാണെന്ന് മാധവ് കുറിച്ചിരുന്നു. “കാരണം നിർബന്ധിച്ച് അഭിപ്രായ ഐക്യം അടിച്ചേൽപ്പിക്കുന്നത് ഫാസിസത്തിന്റെ വ്യക്തമായ മുഖമുദ്രയാണ്. പ്രതികരിച്ചാൽ സുടാപ്പി പ്രതികരിച്ചില്ലെങ്കിൽ സംഘി”, മാധവ് പറഞ്ഞിരുന്നു.
