മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ വഞ്ചനാക്കുറ്റത്തിന് എഫ്ഐആര്‍

മുംബൈ: സ്റ്റീല്‍ കമ്പനിയുടെ ട്രാന്‍സ്‌പോര്‍ട്ട് കരാര്‍ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപയിലധികം തട്ടിയെടുത്തെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാജേഷ് ചൗഹാനെതിരെ പോലീസ് കേസെടുത്തു. കോടതി ഉത്തരവിനെ തുടര്‍ന്ന് വെള്ളിയാഴ്ച മോഹന്‍ നഗര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിശ്വാസവഞ്ചന കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കേശവ് കൊസാലെ വ്യക്തമാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദിങ്കര്‍ വിശ്വാമിത്ര നല്‍കിയ പരാതിയിലാണ് മുന്‍ താരത്തിനെതിരെ കേസ്. സംഭവത്തില്‍ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മോഹന്‍ നഗര്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. പ്രമുഖ വ്യവസായികളുമായി അടുത്ത ബന്ധമുള്ള മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണെന്നാണ് ചൗഹാന്‍ പരിചയപ്പെടുത്തിയത്. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലുള്ള ജിന്‍ഡാല്‍ സ്റ്റീലിന്റെ അയിരു കയറ്റി അയക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ട് കരാര്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *