1986ൽ ഡീഗോ മറഡോണ മെക്സിക്കോയിൽ കപ്പുയർത്തിയത് മുതലുള്ള അപൂർവ്വ വാർത്താചിത്രങ്ങളും പത്ര റിപ്പോർട്ടുകളും നിറഞ്ഞ ഒരു വമ്പൻ ശേഖരം. കാൽപ്പന്തുകളി വെറുമൊരു കളി മാത്രമല്ല, ജീവിതം തന്നെ ആണെന്ന് പറയുകയാണ് ഹൊസ്‍ദുർഗ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‍പെക്ടർ എ ആർ ശാങ്ഗധരൻ. മൂന്ന് പതിറ്റാണ്ടിൽ ഏറെയായി ഫുട്ബോളുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും അപൂർവ രേഖകളും സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരം ഇന്ന് കായികപ്രേമികൾക്ക് കൗതുകമുണർത്തുന്ന ഒരു ഫുട്ബോൾ ലൈബ്രറിയായി മാറിയിരിക്കുകയാണ്.
പത്താം ക്ലാസിൽ പഠിക്കുന്ന കാലം മുതലാണ് ശാർങ്ഗധരൻ ഈ ഹോബി തുടങ്ങുന്നത്. 1986 മുതൽ 2026 വരെയുള്ള ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ വാർത്തകൾ, ചിത്രങ്ങൾ, പ്രത്യേക പതിപ്പുകൾ, വിശകലനങ്ങൾ തുടങ്ങിയവ ഉൾപ്പെടയുന്ന പത്ര കട്ടിംഗുകൾ ക്രമമായി ശേഖരിച്ചാണ് അദ്ദേഹം ഈ അപൂർവ സമാഹാരം ഒരുക്കിയിരിക്കുന്നത്. ലോകകപ്പിന് പുറമെ കോപ്പ അമേരിക്ക, യൂറോ കപ്പ്, സന്തോഷ് ട്രോഫി, ഐഎസ്എൽ, ഐ-ലീഗ് തുടങ്ങി ദേശീയ-അന്തർദേശീയ ടൂർണമെന്റുകളുമായി ബന്ധപ്പെട്ട നിരവധി പത്രക്കട്ടിങ്ങുകളും ചിത്രങ്ങളും ശേഖരത്തിലുണ്ട്.
പത്രങ്ങളിൽ പ്രസിദ്ധീകരിച്ച അപൂർവ ഫോട്ടോകൾ, താരങ്ങളുടെ പ്രകടനങ്ങൾ, ഫൈനൽ മത്സരങ്ങളുടെ റിപ്പോർട്ടുകൾ, ചരിത്രനിമിഷങ്ങൾ എന്നിവ വർഷവും ടൂർണമെന്റും അടിസ്ഥാനമാക്കി ക്രമീകരിച്ച് സൂക്ഷിച്ചിരിക്കുന്നതാണ് ഈ ശേഖരത്തിന്റെ പ്രത്യേകത. ഒരു സ്വകാര്യ ആർക്കൈവിനെ അനുസ്‍മരിപ്പിക്കുന്ന രീതിയിലാണ് ഓരോ കട്ടിങ്ങും സംരക്ഷിച്ചിരിക്കുന്നത്.
