അറസ്റ്റിന്റെ കാരണം വ്യക്തമാക്കുന്ന രേഖയില്‍ അവ്യക്തത; എം കെ റാമിനെതിരായ നടപടിയില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ എം കെ റാമിന്റെ അറസ്റ്റില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച. അറസ്റ്റിന്റെ കാരണം വ്യക്തമാക്കി കോടതിയില്‍ നല്‍കിയ രേഖയില്‍ മുഴുവന്‍ അവ്യക്തത. കേസില്‍ എന്തിനാണ് റാമിനെ അറസ്റ്റ് ചെയ്തതെന്ന് തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. ഇന്നലെ കുടകില്‍വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം എം കെ റാമിനെ പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയെങ്കിലും മാനദണ്ഡങ്ങളും നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി റാമിനെ വിട്ടയക്കുകയായിരുന്നു.

എന്നാല്‍ കോടതി വളപ്പില്‍ നിന്ന് വീണ്ടും റാമിനെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ തലശ്ശേരി കോടതി സാക്ഷ്യം വഹിച്ചത് നാടകീയ നീക്കങ്ങള്‍ക്കായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച റാമിനെ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. നിതിന്‍ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചില്ലെന്നാണ് റാം അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം പറഞ്ഞു.

ഒളിവ് ജീവിതത്തില്‍ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. മൂന്ന് പേരുടെ സഹായം ഇയാള്‍ക്ക് ലഭിച്ചിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെ റാമിനായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയായിരുന്നു പ്രതിയെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് രണ്ട് നീതിയാണ്. കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

തിരുവനന്തപുരം ആര്യനാട് സ്വദേശിയായിരുന്ന നിതിന്‍ രാജ് ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു ജീവനൊടുക്കിയത്. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. അധ്യാപകരില്‍ നിന്നുണ്ടായ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ കോളേജിലെ അധ്യാപിക സംഗീത നമ്പ്യാര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *