ഖത്തർ: ഹമാസിൻ്റെ തലവനായി ഖലീൽ അൽ-ഹയ്യയെ തെരഞ്ഞെടുത്തു. ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായാണ് ഖലീൽ അൽ-ഹയ്യ തെരഞ്ഞെടുക്കപ്പെട്ടത്. 2024-ൽ ഗാസയിൽ ഇസ്രായേൽ സൈന്യം വധിച്ച യഹിയ സിൻവാറിന്റെ പിൻഗാമിയായാണ് അൽ-ഹയ്യയുടെ നിയമനം. ഇസ്മായിൽ ഹനിയ്യയെ ഇസ്രയേൽ വധിച്ചതിനെ തുടർന്നായിരുന്നു യഹിയ സിൻവാർ ഹമാസ് മേധാവിയായി നിയമിതനായത്. കഴിഞ്ഞ വർഷം ഖത്തറിൽ വെച്ച് നടന്ന ഇസ്രായേലിന്റെ വധശ്രമത്തിൽ നിന്ന് ഖലീൽ അൽ-ഹയ്യ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. തിങ്കളാഴ്ച നടന്ന ജനറൽ ഷൂറ കൗൺസിൽ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിലാണ് അൽ-ഹയ്യ വിജയിച്ചത്. മുൻ രാഷ്ട്രീയ മേധാവിയായ ഖാലിദ് മെഷാലായിരുന്നു ഖലീൽ അൽ-ഹയ്യയുടെ എതിരാളി. ആദ്യഘട്ട വോട്ടെടുപ്പിൽ ഇരുവർക്കും പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് നടന്ന റൺ-ഓഫ് വോട്ടെടുപ്പിലായിരുന്നു ഖലീൽ അൽ-ഹയ്യ തെരഞ്ഞെടുക്കപ്പെട്ടത്.
2021ൽ ഹമാസ് രൂപപ്പെടുത്തിയ ആഭ്യന്തര നേതൃത്വ ഘടന അനുസരിച്ച് സംഘടനയുടെ പരമോന്നത സ്ഥാനങ്ങൾ ഗാസ, അധിനിവേശ വെസ്റ്റ് ബാങ്ക്, പ്രവാസി സമൂഹം എന്നീ മൂന്ന് പ്രധാന ഭൂമിശാസ്ത്രപര മേഖലകളെ പ്രതിനിധീകരിക്കുന്നവരായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഈ നയത്തിന് അനുസൃതമായാണ് ഗാസയെ പ്രതിനിധീകരിച്ചിരുന്ന നേതാവായിരുന്ന അൽ-ഹയ്യയുടെ തിരഞ്ഞെടുക്കപ്പെട്ടത്. യുദ്ധകാല ഭരണനിർവഹണത്തിനായി 2024 അവസാനത്തിൽ രൂപീകരിച്ച അഞ്ചംഗ ഇടക്കാല ഭരണസമിതിയിലെ അംഗമായിരുന്ന അൽ-ഹയ്യ.
1987-ൽ ഹമാസ് രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്ന അൽ-ഹയ്യ. ആദ്യ ഇന്തിഫാദ കാലഘട്ടത്തിൽ പലതവണ ഇസ്രായേൽ സൈന്യത്തിന്റെ തടങ്കലിലായി. തടവിനിടെ കടുത്ത പീഡനങ്ങൾ അനുഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഗാസയിലെ ഹമാസ് ഉപനേതാവ്, അറബ്-ഇസ്ലാമിക് ബന്ധങ്ങളുടെ ചുമതലയുള്ള ഓഫീസ് മേധാവി തുടങ്ങിയ നിർണായക പദവികൾ അൽ-ഹയ്യ വഹിച്ചിട്ടുണ്ട്. 2012-ലും 2014-ലും ഗാസയിലെ യുദ്ധങ്ങൾക്ക് ശേഷമുള്ള വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് പ്രതിനിധിസംഘത്തെ നയിച്ചത് അദ്ദേഹമായിരുന്നു.
