ലോകകപ്പോടെ റൊണാൾഡോ വിരമിക്കുമെന്ന് സഹോദരി

ടൊറാന്‍റോ: ലോകകപ്പോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന സഹോദരിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി പോര്‍ച്ചുഗല്‍ നായകൻ. ക്രൊയേഷ്യക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പ് പോർച്ചുഗീസ് മാധ്യമമായ ‘സ്പോർട് ടിവി’-യിൽ സംസാരിക്കവെയാണ് സഹോദരി കാറ്റിയ അവെയ്‌റോ റൊണാൾഡോയുടെ വിരമിക്കലിനെക്കുറിച്ച് സൂചന നൽകിയത്. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരം അനുസരിച്ച്, ഇത് അവന്‍റെ ലാസ്റ്റ് ഡാന്‍സ് ആണ്. ഇത് ഉടൻ അവസാനിക്കും.അതുകൊണ്ട് അവൻ കളിക്കുന്നത് ഇപ്പോൾ പരമാവധി ആസ്വദിക്കൂ. പോർച്ചുഗൽ ദേശീയ ടീമിനായി ഇനി 200 ഗോളുകൾ നേടുന്ന മറ്റൊരാളെ കണ്ടെത്തുക പ്രയാസമായിരിക്കുമെന്നായിരുന്നു കാറ്റിയയുടെ പ്രതികരണം.

ക്രൊയേഷ്യക്കെതിരായ 2-1ന്‍റെ നാടകീയ ജയത്തിന് ശേഷം കളിയിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കവെ റൊണാൾഡോ സഹോദരിയുടെ പ്രസ്താവന തള്ളി. വിരമിക്കൽ കാര്യം ഇപ്പോൾ പ്രധാനമല്ല. ടൂർണമെന്‍റിൽ ജയിച്ചാലും തോറ്റാലും അതിനുശേഷം സംസാരിക്കാൻ എനിക്ക് ധാരാളം സമയമുണ്ട്. ഞാൻ കുടുംബവുമായി ആലോചിച്ച ശേഷം ഏറ്റവും അനുയോജ്യമായ തീരുമാനമെടുക്കും. ഇപ്പോൾ ഞാൻ ഒന്നിനെക്കുറിച്ചും എടുത്തുചാടി തീരുമാനങ്ങൾ എടുക്കാറില്ല. എല്ലാം ശാന്തമായി മാത്രമേ ചെയ്യൂ. നിലവിൽ ഈ നിമിഷം ആസ്വദിക്കുക എന്നതും ദേശീയ ടീമിനെ സഹായിക്കുക എന്നതും മാത്രമാണ് എന്‍റെ ലക്ഷ്യം-റൊണാള്‍ഡോ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *