മുംബൈ: അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, സിംബാബ്വെ പര്യടനങ്ങളിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ അടുത്ത മാസം ആദ്യത്തില്‍ അവലോകന യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ന് നഷ്ടപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-0 ന്റെ വലിയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. എന്നാല്‍ സിംബാബ്വെക്കെതിരായ പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കെ സ്വന്തമാക്കിക്കൊണ്ട് ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഇന്ത്യ ആദ്യ വിജയം നേടി. ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴിലുള്ള സപ്പോര്‍ട്ട് സ്റ്റാഫിലെ ചില അംഗങ്ങളുടെ ഭാവി യോഗം തീരുമാനിക്കുമെന്നും ക്രിക്ക്ബസ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അയര്‍ലന്‍ഡിലെയും ഇംഗ്ലണ്ടിലെയും നിരാശാജനകമായ വൈറ്റ്-ബോള്‍ പരമ്പരകള്‍ക്ക് ശേഷം, ടീമിന്റെ ഓണ്‍-ഫീല്‍ഡ് പ്രകടനങ്ങളിലും തിരുത്തല്‍ നടപടികളിലും മാത്രമായിരിക്കും യോഗം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ദേവജിത് സൈകിയ സ്ഥിരീകരിച്ചിരുന്നു. എഎന്‍ഐയോട് സംസാരിക്കവെ, പരമ്പര തോല്‍വികളെ ‘കേവലം മോശം ഘട്ടം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അയര്‍ലന്‍ഡ്-ഇംഗ്ലണ്ട് പര്യടനങ്ങളിലെ തോല്‍വി; ബിസിസിഐ അവലോകന യോഗം അടുത്ത മാസം
