തിരുവനന്തപുരം: ചെറുപുഴയിലെ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. രാജേഷിന്റെ കുടുംബം അനാഥമാകാൻ പാടില്ലെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് മുൻകാലത്തേക്കാൾ കൂടുതൽ സഹായം നൽകണമെന്നും കൂട്ടിച്ചേർത്തു. ബാങ്ക് വായ്പ തിരിച്ചടക്കാൻ സർക്കാർ സഹായം വേണം.
രാജേഷിന്റെ ഭാര്യയ്ക്ക് ജോലി നൽകണം അത് നീട്ടിക്കൊണ്ടുപോകരുതെന്നും ജോലി താൽകാലികമായ വലിയ ആശ്വാസം ആകുമെന്നും പിണറായി വിജയൻ പറഞ്ഞു. ഉടൻ തീരുമാനം വേണം. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായം നൽകണം. വീട് പണി പൂർത്തിയാക്കാൻ സർക്കാർ സഹായിക്കണം. എന്ത് ചെയ്താലും അധികമാകില്ലെന്നും അത്രയും വിലപ്പെട്ട ജീവനാണ് പൊലിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. എല്ലാ പിന്തുണയും നിങ്ങൾക്കുണ്ടാകുമെന്ന് മക്കളെ നെഞ്ചോട് ചേർത്താണ് പിണറായി വിജയൻ ആശ്വസിപ്പിച്ചത്.
