തൃശ്ശൂർ: തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകമായ പുലിക്കളി സംഘങ്ങൾക്ക് 24 ലക്ഷം രൂപയുടെ കേന്ദ്ര സഹായം കൈമാറി. തുക ലഭിക്കാൻ ഉണ്ടായ കാലതാമസത്തിൽ അതൃപ്തി പ്രകടിപ്പിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി, കലയെയും കലാകാരന്മാരെയും രാഷ്ട്രീയ താത്പര്യങ്ങൾക്കായി ബുദ്ധിമുട്ടിക്കരുതെന്ന് വ്യക്തമാക്കി. സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ കാരണമാണ് സഹായം ലഭിക്കാൻ വൈകിയതെന്ന് മന്ത്രി പറഞ്ഞു. ഭരണകൂടത്തിന്റെ ഇത്തരം വീഴ്ചകൾക്ക് പുലികളി സംഘങ്ങൾ എന്തിന് വിലകൊടുക്കണമെന്നും അദ്ദേഹം ചോദിച്ചു.
രാജ്യസഭാംഗമായിരുന്ന കാലംമുതൽ പുലികളിയെ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം ലഭ്യമാക്കാൻ പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. കലാകാരന്മാർക്കൊപ്പം എപ്പോഴും നിലകൊണ്ടിട്ടുണ്ടെന്നും മന്ത്രിസ്ഥാനത്തെത്തിയ ശേഷവും ഈ സഹായം വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് ആരോടുമുള്ള പകയല്ലെന്നും തൃശ്ശൂരിലെ കലാകാരന്മാരോട് കാണിച്ച അനീതി ഇനി ആവർത്തിക്കരുതെന്ന ഉറച്ച നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. “വാക്ക് പറഞ്ഞാൽ അത് പാലിക്കണം എന്നതാണ് എന്റെ രാഷ്ട്രീയം. വൈകിയെങ്കിലും അത് സാധ്യമായി,” മന്ത്രി പറഞ്ഞു. തൃശ്ശൂരിന്റെ കലയും കലാകാരന്മാരും രാഷ്ട്രീയത്തിന് മുകളിലാണെന്നും കേന്ദ്ര സഹായം ഇനിയും വർധിപ്പിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.



