ധാക്ക: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം വീണ്ടും വൈകിയേക്കുമെന്ന് സൂചന. ആറ് മത്സരങ്ങളുള്ള പരമ്പരയുടെ തീയതികളെക്കുറിച്ച് ബിസിസിഐയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സെപ്റ്റംബര്‍ 3-നാണ് ആദ്യ ഏകദിനം നിശ്ചയിച്ചിരിക്കുന്നത് എങ്കിലും, നിലവിലുള്ള അനിശ്ചിതത്വം കാരണം ബംഗ്ലാദേശ് ബോര്‍ഡിന് അവരുടെ ആഭ്യന്തര കലണ്ടര്‍ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പര്യടവിലഉള്ളത്. യഥാര്‍ത്ഥത്തില്‍ 2025 ഓഗസ്റ്റില്‍ നടക്കേണ്ടിയിരുന്ന ഈ പരമ്പര 2026 സെപ്റ്റംബറിലേക്ക് മാറ്റിവെക്കുകയായിരുന്നു.
എന്നാല്‍ ബിസിസിഐ ഇതുവരെ മത്സരക്രമം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബിസിബി പ്രസിഡന്റ് തമീം ഇഖ്ബാല്‍ ധാക്കയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യയുമായുള്ള പരമ്പര ഉറപ്പായാല്‍ തങ്ങളുടെ ആഭ്യന്തര ടൂര്‍ണമെന്റുകളുടെ തീയതികള്‍ മാറ്റാന്‍ തയ്യാറാണെന്ന് തമീം ഇഖ്ബാല്‍ വ്യക്തമാക്കി. മിര്‍പ്പൂരില്‍ നടക്കാനിരിക്കുന്ന ഗെയിം ഡെവലപ്മെന്റ് ട്രോഫി മറ്റൊരു ഗ്രൗണ്ടിലേക്ക് മാറ്റാന്‍ എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിഷയത്തിലും, ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാന്‍ ബംഗ്ലാദേശ് വിസമ്മതിച്ചതിനെത്തുടര്‍ന്നും ഇരു ബോര്‍ഡുകള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തമീം ഇഖ്ബാല്‍ പ്രസിഡന്റായതിന് ശേഷം ബന്ധത്തില്‍ പുരോഗതിയുണ്ട്. സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ഈ വര്‍ഷത്തെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടക്കാനിടയില്ലെന്ന് തമീം ഇഖ്ബാല്‍ സൂചിപ്പിച്ചു.



