തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം. കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും. വൈകിട്ട് മുതലക്കുളത്ത് നടക്കുന്ന പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിൽ, ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നന്ദുലാൽ എന്നിവരുടെ വീട്ടിലും സ്ഥാപനത്തിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായി നേരിടാനും അണികളോട് വിശദീകരിക്കാനുമാണ് സിപിഎമ്മിന്റെ തീരുമാനം. സിഎംആർഎൽ എക്സാലോജിക്ക് ഇടപാടിനെ പിൻപറ്റി നടക്കുന്ന അന്വേഷണം ഹവാല ആരോപണം വരെ എത്തി നിൽക്കെ ദേശീയ അന്വേഷണ ഏജൻസിയുടെ രാഷ്ട്രീയ പ്രേരിത ഇടപെടലിനെ അടച്ചാക്ഷേപിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പതിവില്ലാത്ത വിധം വാർത്താക്കുറിപ്പ് ഇറക്കിയ ഇഡിയുടെ നടപടി മുതൽ പിണറായി വിജയനായാൽ എന്തും ചെയ്യാമെന്ന തരത്തിൽ വരുന്ന വാർത്തകളിൽ വരെ കടുത്ത അതൃപ്തി കഴിഞ്ഞ ദിവസം രേഖപ്പെടുത്തുകയും ചെയ്തു. കൈകൾ ശുദ്ധമെന്നും ഇനിയും അത് അങ്ങനെ തന്നെയായിരിക്കും എന്നും പറഞ്ഞാണ് മകൾക്കെതിരായ അന്വേഷണത്തെയും തുടർ നീക്കങ്ങളെയും പിണറായി തള്ളുന്നത്.



