ഡൽഹി: സമരത്തിലെ സംഘർഷത്തിനിടെ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കേന്ദ്ര ഏജൻസികൾ. പ്രതിഷേധക്കാരുടെ പ്രകോപനത്തിൽ വീഴരുതെന്നാണ് ഡൽഹി പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. ദേഷ്യപ്പെട്ട മുഖം ക്യാമറയിൽ വരരുത്. ‘നിങ്ങളുടെ ദേഷ്യമാണ് അവരുടെ കണ്ടന്‍റ്’ എന്നാണ് ഡൽഹി പൊലീസിനുള്ള മുന്നറിയിപ്പ്. മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ സംയമനം പാലിക്കണം. വാക്കേറ്റവും കൈയേറ്റവും ഒഴിവാക്കണം. പരിക്കേറ്റവർക്ക് ആദ്യം സഹായം നൽകണം. സ്ത്രീകളെ കൈകാര്യം ചെയ്യാൻ വനിതാ പൊലീസിനെ മുന്നിൽ നിർത്തണം. ഡൽഹി പൊലീസിന്‍റെ എല്ലാ ജില്ലാ യൂണിറ്റുകൾക്കും നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. ജന്തർ മന്തറിലെ സി ജെ പി സമരത്തിന് പിന്നാലെയാണ് നീക്കം.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്തവരെ പൊലീസ് കൈകാര്യം ചെയ്ത രീതി വിവാദമായിരുന്നു. ഏറ്റവും ഒടുവിൽ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പമെത്തി രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷന് മുന്നിൽ സമരം ചെയ്യുകയുണ്ടായി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ എത്തിയത്. കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. തുടർന്നാണ് ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പൊലീസ് തയ്യാറായത്.



