ഹൈദരാബാദ്: യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിക്കിടെ ഉണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഇതിലൊരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മേഡ്ചാല്‍ – മല്‍ഗാജ്ഗിരി ജില്ലയിലെ മല്ല റെഡ്ഢി യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അപകടം. സൗണ്ട് ലൈറ്റിങ് സിസ്റ്റം തകര്‍ന്ന് വീണാണ് അപകടമുണ്ടായത്. സര്‍വകലാശാലയില്‍ തടിച്ച് കൂടിയ ആരാധകരുടെയും വിദ്യാര്‍ത്ഥികളുടെയും മുകളിലേക്കാണ് ഇത് മറിഞ്ഞുവീണത്. അപകടസമയം വേദിയില്‍ കാണികളോട് സംവദിക്കുകയായിരുന്നു നടൻ യഷ്.
താരത്തിനൊപ്പം എംഎല്‍എ മല്ല റെഡ്ഢിയും വേദിയില്‍ ഉണ്ടായിരുന്നു. സ്പീക്കറുകള്‍ സ്ഥാപിച്ചിരുന്ന സ്റ്റാന്‍ഡില്‍ ചില ആരാധകര്‍ വലിഞ്ഞുകയറിയിരുന്നു. യഷ് സംസാരിക്കുന്നതിനിടെ ആവേശഭരിതരായ വിദ്യാര്‍ത്ഥികള്‍ തിക്കും തിരക്കുമുണ്ടാക്കി.
ഇതോടെ സമ്മര്‍ദം താങ്ങാന്‍ കഴിയാതെ ഫ്‌ളഡ്‌ലൈറ്റ് പോള്‍ മറിയുകയും ഭാരമുള്ള സ്പീക്കര്‍ ബോക്‌സുകള്‍ താഴേക്ക് വീഴുകയുമാണ് ഉണ്ടായത്. സ്റ്റേജിന് സമീപത്ത് നിന്നവരുടെ മുകളിലേക്കാണ് കൂറ്റന്‍ സൗണ്ട് സിസ്റ്റം വീണത്. സ്റ്റാന്‍ഡില്‍ കയറി നിന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്.
ബോധരഹിതയായ പെണ്‍കുട്ടിയെയും പരിക്കേറ്റ മറ്റുള്ളവരെയും ഉടനടി സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്നാണ് വിവരം. സംഭവം നടന്നയുടന്‍ തന്നെ പരിപാടി നിര്‍ത്തിവച്ച് പരിക്കേറ്റവരുടെ നിലയെ കുറിച്ച് യഷ് അന്വേഷിച്ചു. പിന്നാലെ കുട്ടികള്‍ സുരക്ഷിതരാണെന്ന വിവരം സംഘാടകരില്‍ നിന്നും ലഭിച്ചതോടെ പരിപാടി തുടരുകയും ചെയ്തു. യഷിനെ കാണാന്‍ വേണ്ടി നിരവധി പേരാണ് പരിപാടി നടന്ന ഇടത്തേക്ക് ഇരച്ചെത്തിയത്. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാത്ത സ്ഥിതിയായെന്ന് പൊലീസും പറയുന്നു.


