തിരുവനന്തപുരം: പാർട്ടിക്കുനേരിട്ട പേരുദോഷം മാറ്റാൻ വെള്ളാപ്പള്ളി നടേശനെ നിശിതമായി തള്ളിപ്പറഞ്ഞ് രംഗത്തുവരാൻ സി.പി.എം. തിരഞ്ഞെടുപ്പിനുമുൻപ് വർഗീയ പരാമർശം നടത്തിയ ഘട്ടത്തിൽപ്പോലും സി.പി.എമ്മും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളിയെ ചേർത്തുപിടിച്ചിരുന്നു. അത് പാർട്ടിക്ക് വലിയ പേരുദോഷമുണ്ടാക്കിയെന്നും തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണമായെന്നും സി.പി.എം. വിലയിരുത്തി . എന്നാൽ, വെള്ളാപ്പള്ളിക്കെതിരേ നിലപാടു സ്വീകരിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഒരു അവസരവും സി.പി.എമ്മിന് ലഭിച്ചിരുന്നില്ല. അതാണ്, ഇപ്പോൾ എ.എൻ. ഷംസീറിനെ ലീഗുകാരനായി ചിത്രീകരിച്ചുകൊണ്ടുള്ള വെള്ളാപ്പള്ളിയുടെ പരാമർശത്തിലൂടെ കിട്ടിയത്. പിണറായിക്ക് ഒപ്പമെന്ന പ്രതീതിയുണ്ടാക്കുകയും പാർട്ടിക്കുള്ളിൽ ഭിന്നിപ്പുണ്ടാക്കുംവിധം തരാതരം പ്രതികരിക്കുകയും ചെയ്യുന്ന രീതിയാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന് മുതിർന്നനേതാക്കൾ പറയുന്നു. ഇതിനെയെല്ലാം മറികടക്കാനുള്ള അവസരം എന്ന നിലയിലാണ് ഇപ്പോൾ പിണറായിയും എം.വി. ഗോവിന്ദനും അടക്കമുള്ള നേതാക്കൾ വെള്ളാപ്പള്ളിക്കെതിരേ രംഗത്തുവന്നത്.



