തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ അന്തരിച്ചു. 67 വയസ്സായിരുന്നു. റവന്യൂ, വ്യവസായ, ഐടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. 1986 കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഒഡീഷയിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. അർബുദ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് മരണം സ്ഥിരീകരിച്ചത്. സംസ്‌കാരം ശനിയാഴ്ച ജന്മനാടായ കോട്ടയം പാമ്പാടിയിൽ നടക്കും.
കേരളത്തിൽ സ്റ്റാർട്ടപ്പ് നയം രൂപവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1959 ജനുവരി 20-ന് ജനിച്ച പി.എച്ച്. കുര്യൻ, രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ജില്ലാ കളക്ടർ, ലേബർ കമ്മിഷണർ, പ്രോജക്റ്റ് ഡയറക്ടർ, മാനേജിംഗ് ഡയറക്ടർ, സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, സ്‌പെഷ്യൽ സെക്രട്ടറി തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. 2018 ഡിസംബർ 7 മുതൽ ശാസ്ത്ര സാങ്കേതിക വകുപ്പിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു.
ഭാര്യ: ഉഷ. മക്കൾ: ഗോഡ്‌ലി ഹേബൽ കുര്യൻ (സീനിയർ പ്ലാനിങ് മാനേജർ, അൽ-ഫുത്തൈം ഓട്ടോമോട്ടീവ്), ഡോ. ഹെൻറി കുര്യൻ (ഓർത്തോപീഡിഷ്യൻ, ശ്രീ ഗോകുലം മെഡിക്കൽ കോളജ്). മരുമക്കൾ: സ്നേഹ അനിൽ (സീനിയർ ബിസിനസ് അനലിസ്റ്റ്, അൽ ഘുറൈർ), ഡോ. ജോമി ജേക്കബ് (പീഡിയാട്രീഷ്യൻ, ശ്രീ ഗോകുലം മെഡിക്കൽ കോളജ്).



