തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നതിന് പിന്നാലെ, സിപിഐയുടെ വലുപ്പത്തെ ചോദ്യം ചെയ്ത് സിപിഎം നേതാക്കൾ രംഗത്ത്. രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ സിപിഐക്ക് ഒറ്റയ്ക്ക് 5000 വോട്ട് കിട്ടുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ മോഹനൻ ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നും സമ്മർദ്ദതന്ത്രം സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐ എന്ന് കുറ്റപ്പെടുത്തിയ മോഹനൻ ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സിപിഎം സഹിച്ചുകൊള്ളണം എന്നതാണ് അവരുടെ നിലപാടെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പിഎംശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം. ആ സമയത്ത് അകത്തുനിന്നാക്രമിച്ചു സർക്കാരിനെ നാണംകെടുത്തി. അതിന്റെ തുടർച്ച കൂടിയാണ് നിയമസഭ തോൽവിയെന്നും സിപിഎം സെക്രട്ടേറിയറ്റ് അംഗം കുറ്റപ്പെടുത്തി. സമ്മർദ്ദ തന്ത്രത്തിൽ അനർഹമായതാണ് സിപിഐ അനുഭവിക്കുന്നത് എന്നോർക്കുന്നില്ല. ഇന്നുവരെയില്ലാത്ത കീഴ് വഴക്കങ്ങൾ ലംഘിച്ചാണ് നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃ പദവി തങ്ങൾക്കു വേണം എന്ന് സിപിഐ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐയുടെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ തേടിയതിനെയും സി എൻ മോഹൻ പരിഹസിച്ചു. സംസ്ഥാനത്തെ കൊച്ചു കാര്യങ്ങളിൽ അഖിലേന്ത്യൻമാർ വാളെടുക്കാറില്ല എന്നായിരുന്നു സി എൻ മോഹനൻ്റെ പരിഹാസം. വിഷയത്തിൽ ഇടപെട്ട സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയെ കൂടി പരോക്ഷമായി ലക്ഷ്യം വെച്ചായിരുന്നു സി. എൻ മോഹനൻ്റെ വിമർശനം.



