ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. ഇന്ത്യയുടെ വ്യോമസേന വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാളില്‍ എത്തിയിട്ടുണ്ട്. മിഗ് 17, ധ്രുവ് ഹെലികോപ്റ്ററുകള്‍ അടക്കം സജ്ജമാണെന്ന് ഇന്ത്യ അറിയിച്ചു. പ്രളയത്തില്‍ മലയാളികള്‍ അടക്കം 133 ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. വിനോദസഞ്ചാരികളെയാണ് കൂടുതലായും കാണാതായത്. ഇതിനിടെ ഇന്ത്യ 10 ടൺ മാനുഷിക സഹായവും അവശ്യ മരുന്നുകളും നേപ്പാളിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിലാണ് സഹായസാമഗ്രികൾ എത്തിച്ചത്. താൽക്കാലിക അഭയകേന്ദ്രങ്ങൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, സൗരോർജ വിളക്കുകൾ, മരുന്നുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കുള്ള സാധനങ്ങളാണ് സഹായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ നൽകിയ സഹായത്തിന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ നന്ദി അറിയിച്ചു. അതേസമയം, ആവശ്യമായാൽ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രളയ രക്ഷാസംഘം സജ്ജമായി തുടരുകയാണ്.
റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർന്നതും ജലനിരപ്പ് അപകടകരമാംവിധം ഉയർന്നതും നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നേപ്പാളിന് ആവശ്യമായ സഹായം ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. നേപ്പാള്‍ ജനതയ്ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നല്കാന് തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.



