മസ്കത്ത്: ഒമാനിൽ യാചനയ്ക്ക് പിന്നിൽ അശരണരെ ചൂഷണം ചെയ്യുന്ന സംഘടിത ക്രിമിനൽ മാഫിയകളാണെന്ന് റോയൽ ഒമാൻ പൊലീസ്. കുട്ടികളെയും സ്ത്രീകളെയും മുൻനിർത്തി വ്യാജ കഥകൾ നിർമിച്ച് ജനങ്ങളുടെ കാരുണ്യത്തെയാണ് ഈ സംഘങ്ങൾ മുതലെടുക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന തുകയുടെ സിംഹഭാഗവും അനധികൃത ക്രിമിനൽ ശൃംഖലകളിലേക്കാണ് എത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് ആർ.ഒ.പിയും സാമൂഹിക വികസന മന്ത്രാലയവും പൊതുജനങ്ങളോട് വ്യക്തമാക്കി.
പള്ളികൾ, തെരുവുകൾ, പൊതു-സ്വകാര്യ ഇടങ്ങൾ എന്നിവിടങ്ങളിലെ യാചനാവൃത്തി ഒമാൻ ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 297 പ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. നിയമലംഘനം നടത്തുന്നവർക്ക് ഒരു വർഷം വരെ തടവും 100 ഒമാനി റിയാൽ പിഴയുമാണ് ശിക്ഷ ലഭിക്കുക.



