റിയാദ്: റിയാദിൽ കിങ് അബ്ദുൽ അസീസ് തുരങ്ക നിർമാണം പുരോഗമിക്കുന്നു. കിങ് അബ്ദുൽ അസീസ് റോഡും പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോഡും സംഗമിക്കുന്ന ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. നഗരത്തിലെ സ്പോർട്സ് ട്രാക്ക് പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമാണം. 800ലധികം തൊഴിലാളികൾ നിർമാണത്തിന്റെ ഭാഗമാകും. 1.2 കിലോമീറ്ററിലേറെ നീളവും 25 മീറ്റർ വരെ ആഴവുമാണ് തുരങ്കത്തിനുള്ളത്. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി 14 താൽക്കാലിക ഇരുമ്പ് പാലങ്ങളും എക്സ്കവേഷൻ പ്രവർത്തനങ്ങൾക്കായി 1,000 തൂണുകളും സ്ഥാപിച്ചിട്ടുണ്ട്. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി 41ലധികം യന്ത്രങ്ങളും ഏകദേശം 70,000 ക്യുബിക് മീറ്റർ റീഇൻഫോഴ്സ്ഡ് കോൺക്രീറ്റുമാണ് ഉപയോഗിക്കുന്നത്. കിങ് അബ്ദുൽ അസീസ് റോഡിലെ ഈ തുരങ്കം യാഥാർഥ്യമാകുന്നതോടെ ഗതാഗതം കൂടുതൽ സുഗമമാവുകയും പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാവുകയും ചെയ്യും. കൂടാതെ ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നാണ് അധികൃതർ വിലയിരുത്തി.



