ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറും ഐസിസി മാച്ച് റഫറിയുമായ ജവഗല്‍ ശ്രീനാഥ് തന്റെ ലളിതമായ ജീവിതരീതികൊണ്ട് ഒരിക്കല്‍ക്കൂടി ആരാധകരുടെ ഹൃദയം കവരുകയാണ്. തൊണ്ണൂറുകളില്‍ എതിരാളികളുടെ പേടിസ്വപ്നമായിരുന്ന ഈ മുന്‍ കര്‍ണാടക താരം, കളിക്കളത്തിന് പുറത്തെ വിനയത്തിന്റെയും ലളിതജീവിതത്തിന്റെയും പേരില്‍ എപ്പോഴും പ്രശംസ പിടിച്ചുപറ്റാറുണ്ട്.
ട്രോളി ബാഗുമായി ബെംഗളൂരു മെട്രോയില്‍ സാധാരണക്കാരനെപ്പോലെ യാത്രാ ചെയ്യുന്ന ജവഗല്‍ ശ്രീനാഥിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വലിയ സെലിബ്രിറ്റിയാണെന്ന ഭാവങ്ങളൊന്നുമില്ലാതെ പൊതുഗതാഗതം ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത ആരാധകരില്‍ അഭിമാനമുണര്ത്തുന്നതാണ്. നീല ജീന്‍സും ആകാശ നീല നിറത്തിലുള്ള ഷര്‍ട്ടും ധരിച്ച് ട്രോളി ബാഗുമായി മെട്രോയില്‍ നില്ക്കുന്ന ശ്രീനാഥിന്റെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന ജാഡകളൊന്നുമില്ലാതെ ബെംഗളൂരുവില്‍ ശ്രീനാഥിനെ സാധാരണക്കാരായി കണ്ടുമുട്ടാറുണ്ടെന്ന് പലരും കമന്റ് ചെയ്തു. രാഹുല്‍ ദ്രാവിഡ്, വെങ്കിടേഷ് പ്രസാദ് തുടങ്ങിയ കര്‍ണാടകയില്‍ നിന്നുള്ള മറ്റ് മുന്‍ താരങ്ങളും പൊതുസ്ഥലങ്ങളില്‍ ഇതേ ലാളിത്യം പ്രകടിപ്പിക്കാറുണ്ടെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.



