ന്യൂഡല്‍ഹി: സംവരണ നയത്തില്‍ ഏറ്റമുട്ടി എന്‍ഡിഎ സര്‍ക്കാരിലെ കേന്ദ്രമന്ത്രിമാര്‍. എസ്‌സി/എസ്ടി സംവരണത്തിന്റെ പേരില്‍ ബിഹാറില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ ചിരാഗ് പാസ്വാനും ജിതന്‍ റാം മാഞ്ചിയുമാണ് പരസ്പരം എതിര്‍പ്പുകള്‍ അറിയിച്ച് രംഗത്തെത്തിയത്. എസ് സി/ എസ് ടി സംവരണത്തില്‍ ഉപസംവരണം വേണമെന്നും ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരിലും എത്തണമെന്നുമാണ് ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച പാര്‍ട്ടി (സെക്യുലര്‍) നേതാവ് ജിതന്‍ റാം റാഞ്ചിയും മകനും ആവശ്യപ്പെടുന്നത്. എന്നാല്‍ മാഞ്ചിയും മകനും സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്ന് കടുത്ത ഭാഷയില്‍ ചിരാഗ് പാസ്വാന്‍ ആവശ്യപ്പെടുകയായിരുന്നു.
ദളിത് സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ പാസ്വാന്‍, രവിദാസ് എന്നീ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി കേന്ദ്രീകരിച്ചിരിക്കുകയാണെന്നാണ് ജിതന്‍ റാം മാഞ്ചി ആരോപിക്കുന്നത്. ഏറ്റവും പിന്നാക്ക ദളിത് വിഭാഗമായ തങ്ങളുടെ മുഷഹര്‍ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ പോലും ഐഎഎസ് പോലൊരു പദവിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ സംവരണത്തിന്റെ ആനുകൂല്യം ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരിലേക്കും എത്തിക്കാന്‍ പുനഃപരിശോധന വേണമെന്ന് മാഞ്ചിയുടെ മകനും ബിഹാര്‍ മന്ത്രിയുമായ സന്തോഷ് കുമാര്‍ സുമനും ആവശ്യപ്പെട്ടു. ഇതോടെയാണ് ചിരാഗ് പാസ്വാന്‍ ഇരു മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ടത്.
ഉപസംവരണവും ക്രീമിലെയറും വേണമെന്ന ആവശ്യമുന്നയിക്കുന്ന മന്ത്രിമാര്‍ അവരുടെ സ്ഥാനങ്ങള്‍ രാജിവെച്ച് സംവരണാനുകൂല്യങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകണം. സാമ്പത്തിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ എസ്‌സി സംവരണം നിര്‍ണയിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്നും ചിരാഗ് ചൂണ്ടിക്കാട്ടി. ജിതന്‍ റാം മാഞ്ചി ആവശ്യപ്പെടുന്നത് പോലെ ഉപസംവരണം നടപ്പിലാക്കിയാല്‍ ദളിത് സമൂഹം വിഭജിക്കപ്പെടുമെന്നും സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ ദുര്‍ബലമാക്കി ദളിതര്‍ വീണ്ടും വിവേചനം നേരിടാന്‍ കാരണമാകുമെന്നുമാണ് ചിരാഗ് പറയുന്നത്.
സാമ്പത്തികമായും സാമൂഹികമായും മുന്നാക്കം നില്‍ക്കുന്ന ദളിത് വിഭാഗങ്ങളെ സംവരണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എസ്‌സി/എസ്ടി വിഭാഗങ്ങളെ കൂടുതല്‍ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ വര്‍ഗീകരിച്ച് ഉപസംവരണം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന സുപ്രീം കോടതി വിധിയെ അടിസ്ഥാനമാക്കിയാണ് ഇത്തരം ചര്‍ച്ചകള്‍ ഉയരുന്നത്. 2024ലായിരുന്നു സുപ്രധാന വിധി വന്നത്. എന്നാല്‍ ക്രീമിലെയര്‍ തത്വം എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് ബാധകമാക്കാന്‍ കഴിയില്ലെന്നും ഒബിസി വിഭാഗങ്ങള്‍ക്ക് മാത്രമാണ് ഉള്ളതെന്നുമാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.



