വ്യായാമം മൂലമുള്ള അപകടസാധ്യതയേക്കാൾ വലുതാണ് മണിക്കൂറുകളോളം ഇരിക്കുകയും വ്യായാമം ഇല്ലാതിരിക്കുകയും ചെയ്യുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ. ആരോഗ്യകരമായ ശരീരത്തിന് വ്യായാമം അനിവാര്യമാണ്. വ്യായാമം ശരീരത്തിന് താങ്ങുന്നതിലുമപ്പുറമായാൽ ആരോഗ്യം തകരാറിലാവുകയും ചെയ്യും. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയുള്ള കുഴഞ്ഞുവീണു മരണങ്ങളിൽ പലതിനും പിന്നിൽ ശരീരത്തിന് താങ്ങുന്നതിലേറെ വ്യായാമം ചെയ്യുന്നതുകൂടിയാണ്. വർക്കൗട്ട് അമിതമാകുന്നത് ഹൃദയാരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നുവെന്നു പങ്കുവെക്കുകയാണ് ഹൈദ്രാബാദിൽ ന്യൂറോളജിസ്റ്റായ ഡോ.സുധീർ കുമാർ. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്.
കഠിനമായ വ്യായാമങ്ങൾ ഹൃദയാഘാതത്തിനും മരണത്തിനും കാരണമാകുമോ എന്ന ആമുഖത്തോടെയാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്. മാരത്തോൺ ഓട്ടത്തിനിടയിലും ജിമ്മിലെ വർക്കൗട്ടിനിടയിലും നൃത്തത്തിനിടയിലുമൊക്കെ ആളുകൾ കുഴഞ്ഞുവീഴുന്നത് ഭയപ്പെടുത്തുന്നവയാണ്. അമിതമായ വ്യായാമം ഹൃദയാരോഗ്യത്തെ ബാധിക്കുമോയെന്ന സ്വാഭാവികചോദ്യവും ഉയരും. അതെ എന്നതാണ് സത്യസന്ധമായ ഉത്തരമെന്ന് ഡോ.സുധീർ കുറിക്കുന്നു.



