തിരുവനന്തപുരം: സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ നടത്തിയ പരാമർശത്തെ മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ, എപി വിഭാഗം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രവാചക പത്നിമാരെക്കുറിച്ചുള്ള പരാമർശത്തിൽ ഉൾപ്പെടെ മുഖ്യമന്ത്രി ഇസ്ലാമിക ചരിത്രത്തെ വികലമായി വ്യാഖ്യാനിച്ചെന്നും, പ്രസ്താവന തിരുത്തണമെന്നുമാണ് സമസ്ത സെക്രട്ടറി ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിലെത്തിയ സംഘം ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ശരിയല്ലെന്നും പ്രവാചക പത്നി ഒരിക്കലും യുദ്ധം നയിച്ചിട്ടില്ലെന്നും കാര്യങ്ങൾ മനസ്സിലാക്കാതെയാണ് അദ്ദേഹം സംസാരിച്ചതെന്നും സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹിമാൻ സഖാഫി പറഞ്ഞു. മുഖ്യമന്ത്രി അതിരുകടന്ന് സംസാരിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെന്നും ഇതിനോട് മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ വീട്ടിനകത്ത് അടച്ചിരിക്കേണ്ടവരല്ലെന്നും അങ്ങനെയൊരു നിയമമില്ലെന്നും വ്യക്തമാക്കിയ പേരോട്, കാന്തപുരം അങ്ങനെ പറഞ്ഞിട്ടില്ലെന്നും പറയാനുള്ള സാധ്യതയില്ലെന്നും കൂട്ടിച്ചേർത്തു. നേരത്തെ മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്തും ആവശ്യപ്പെട്ടിരുന്നു.



