തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി. മതങ്ങൾ നിർഭാഗ്യവശാൽ സ്ത്രീ തുല്യത അംഗീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നുവെന്ന് എം. എ ബേബി പ്രതികരിച്ചു. കാന്തപുരത്തിൻ്റെ പ്രതികരണം അതിൻ്റെ ഭാഗമാണ്. ആർഎസ്എസും മോഹൻ ഭാഗവതും ഇതേ സ്വരത്തിൽ പറഞ്ഞിട്ടുണ്ട്. അതിന് സമാനമാണ് കാന്തപുരത്തിന്റെയും പ്രസ്താവന. പ്രതികരണങ്ങൾ നടത്തുന്നവർ സ്വയം പരിശോധന നടത്തണമെന്നും എം എ ബേബി പറഞ്ഞു.
മത ശാസനയല്ല ഭരണഘടനാ മൂല്യങ്ങൾക്കാണ് പ്രാധാന്യം. ഭരണഘടനാ മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണ് കാന്തപുരത്തിൻ്റെ പ്രസ്താവനയെന്ന് വിമർശിച്ച എം. എ ബേബി, കാന്തപുരം സ്വയം പരിശോധിക്കണമെന്നും വിമർശിച്ചു. അതേസമയം, കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവനയോടുള്ള എതിർപ്പ് വ്യക്തമാക്കി വിവിധ നേതാക്കൾ രംഗത്ത് വന്നതോടെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് സുന്നി സംഘടനകൾ. കാന്തപുരത്തിൻ്റെ പ്രസ്താവനയോട് തന്ത്രപരമായ അകലം പാലിക്കുകയാണ് ലീഗ്.
അതിനിടെ, മുഖ്യമന്ത്രിയുടെ വിമർശനത്തെ ഗൗരവമായി കണ്ട കാന്തപുരം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്ത്രീകൾ പൊതുവേദികളിൽ എത്തുന്ന കാര്യത്തിൽ കാന്തപുരത്തിന്റേത് 19 ആം നൂറ്റാണ്ടിലെ നിലപാട് എന്നായിരുന്നു മുഖ്യമന്ത്രി വി. ഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.



