കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ സ്വയംവിചാരണ നടത്തി കേരള കോൺഗ്രസ് എം. കഴിഞ്ഞദിവസം നടന്ന ക്യാമ്പിൽ മണ്ഡലതലം മുതലുള്ള നേതാക്കൾ എണ്ണിപ്പറഞ്ഞ വീഴ്ചകൾ അംഗീകരിച്ച നേതൃത്വം, തിരുത്തലിന് പ്രാഥമിക മാർഗരേഖ തയ്യാറാക്കി. ജനങ്ങളിൽനിന്ന് പാർട്ടി അകന്നുപോയി. പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കിലുള്ളവരുടെ മനസ്സിലെന്തെന്ന് തിരിച്ചറിഞ്ഞില്ല. സംഘടനാപരമായ പരിമിതികൾ ഇതിന് കാരണമായി.
വാർഡുതലം മുതലുള്ള ദൗർബല്യം പരിഹരിക്കണം. ഇതിന് ഷെഡ്യൂൾ തയ്യാറാക്കി മുന്നോട്ടുപോകും. അകന്നുപോയ അനുഭാവികളെയും നിർജീവമായി നിൽക്കുന്നവരെയും ഒപ്പം കൊണ്ടുവരാൻ കഴിയണം എന്നും വിലയിരുത്തി. ഇടതുഭരണം മലയോര കർഷകരുടെയും ന്യൂനപക്ഷങ്ങളുടെയും വിഷയങ്ങളിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്തിരുന്നു. പട്ടയം, ബഫർസോൺ, വന്യജീവി ആക്രമണം തുടങ്ങിയവയിൽ നിയമങ്ങൾക്ക് മാറ്റം വരുത്താനും കഴിഞ്ഞു. പക്ഷേ, ഇവ ജനങ്ങളെ അറിയിക്കുന്നതിന് കഴിഞ്ഞോ എന്നതിൽ സംശയമുണ്ട്. ആശവർക്കർമാരുടെ വേതനം 1000 രൂപയിൽനിന്ന് 9000 ആക്കിയത് ഇടതുസർക്കാരാണ്.
എന്നാൽ, സർക്കാരും മുന്നണിയും അവർക്ക് എതിരാണെന്ന പ്രചാരണമുണ്ടായി. അതേസമയം ശബരിമലപോലുള്ള പ്രശ്‌നങ്ങൾ അതിശക്തമായി സർക്കാരിനും മുന്നണിക്കും ദോഷമുണ്ടാക്കുകയും ചെയ്തു.ജനബന്ധം ശക്തമാക്കാൻ മലയോരങ്ങളിലെ വിഷയങ്ങളിൽ പാർട്ടി സജീവമായി ഇടപെടും. പ്രാദേശികമായി സായാഹ്നക്യാമ്പുകൾ ചേരും. അതാത് പ്രദേശത്തെ വിഷയങ്ങൾ അറിയാനും ഇടപെടാനും ഇത് പാർട്ടിക്ക് അവസരമുണ്ടാക്കും.



