കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ കാർ മതിലിലിടിച്ച് തീപിടിച്ച് ഡ്രൈവർ മരിച്ചു. ചേവായൂർ മഠത്തിൽ മുക്കിലാണ് സംഭവം. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരൻ ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽനിന്നും കൊയിലാണ്ടിയിലേക്ക് പോകവെ വീടിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.
അപകടം നടന്ന സ്ഥലത്ത് വലിയൊരു ഇറക്കമുണ്ട്.
ഈ ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ സുധാകരൻ ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാർ ആദ്യം റോഡരികിലെ ട്രാൻസ്‌ഫോർമറിനോട് ചേർന്ന ഭാഗത്ത് ഇടിക്കുകയും, തുടർന്ന് മതിലിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. പുലർച്ചെ നാലേ മുക്കാലോടെയാണ് പ്രദേശവാസികൾ വിവരമറിയുന്നത്. നാട്ടുകാർ ഓടിയെത്തുമ്പോഴേക്ക് കാർ പൂർണമായും അഗ്‌നിക്കിരയായിരുന്നു.
തുടർന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. എന്നാൽ അപ്പോഴേക്കും സുധാകരൻ മരിച്ചിരുന്നു.കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.



