വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലെ സംഘർഷം വീണ്ടും രൂക്ഷമായതോടെ വ്യോമയാന മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് ആശങ്ക. അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ഗൾഫ് രാജ്യങ്ങളെ അടക്കം ഇറാൻ ആക്രമിച്ചതോടെയാണ് വ്യോമയാന മേഖലയെയും വിമാന സർവിസുകളെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നിരിക്കുന്നത്. ഗൾഫിലേക്കുള്ള വിമാന സർവിസുകൾ വൈകാനും റദ്ദാക്കാനും സാധ്യതയുണ്ടെന്ന് വിവിധ ഏജൻസികളും വിമാന കമ്പനികളും മുന്നറിയിപ്പ് നൽകുന്നുണ്ട്. വേനൽക്കാലം കഴിഞ്ഞ് പ്രവാസികൾ അടക്കം ലക്ഷക്കണക്കിന് യാത്രക്കാർ ഗൾഫിലേക്ക് മടങ്ങിവരുന്ന സമയത്താണ് സംഘർഷം വീണ്ടും രൂക്ഷമായിരിക്കുന്നത്.
ഗൾഫിലേക്കുള്ള വ്യോമയാന സുരക്ഷാ മുന്നറിയിപ്പ് യൂറോപ്യൻ ഏജൻസി നീട്ടിയിട്ടുണ്ട്. ഗൾഫ് മേഖലയിലേക്കുള്ള കോൺഫ്ലിക്ട് സോൺ ഇൻഫർമേഷൻ ബുള്ളറ്റിൻ (സി.ഇസഡ്.ഐ.ബി) മുന്നറിയിപ്പാണ് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി ഒരു മാസം കൂടി നീട്ടിയത്. വേനലവധിക്ക് ശേഷം താമസക്കാരും സന്ദർശകരും തിരിച്ചെത്തുന്നതോടെ ദുബൈ അടക്കം വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സംഘർഷം വിമാന സർവിസുകളെ ബാധിക്കുമെന്ന ഭീഷണിയുള്ളത്.



