കുവൈത്ത് സിറ്റി: ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കുവൈത്തിലെ ക്യാപിറ്റൽ ഗവർണറേറ്റിലുള്ള ഒരു താമസമേഖലയിൽ തീപിടിത്തം. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തെ തുടർന്ന് ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങൾ തീയണയ്ക്കുകയും സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. അൽ ഹിലാലി, അൽ മദീന ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഭൗതികമായ നാശനഷ്ടങ്ങൾ വളരെ കുറവാണെന്നും കുവൈത്ത് ഫയർ ഫോഴ്‌സ് വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരിബ് വ്യക്തമാക്കി. ഇറാൻ നഗരങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ന് പുലർച്ചെ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് അടക്കം ഇറാനിന്റെ മിസൈൽ ,ഡ്രോൺ ആക്രമണമുണ്ടായത്. ഇറാനിൽ നിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി കുവൈത്തും ബഹ്‌റൈനും നേരത്തെ അറിയിച്ചിരുന്നു.



