റിയാദ്: സൗദി അറേബ്യയിൽ സംഘടിപ്പിക്കുന്ന സാഹസിക യാത്രകൾ കൂടുതൽ സുരക്ഷിതവും ചിട്ടയുള്ളതുമാക്കാൻ കായിക മന്ത്രാലയം പുതിയ ലൈസൻസിങ് സേവനത്തിന് തുടക്കം കുറിച്ചു. ‘അൽ റഹാല’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സേവനം തിങ്കളാഴ്ച മുതലാണ് നിലവിൽ വന്നത്. രാജ്യത്തിന് അകത്തേക്കും വിദേശത്തേക്കുമുള്ള സംഘടിത സാഹസിക യാത്രകൾക്ക് ഏകീകൃത നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.യാത്രാ പെർമിറ്റുകൾ ലഭിക്കുന്നതിനായി ‘റിയാദി’ പ്ലാറ്റ്‌ഫോമിൽ ‘അൽ റഹാല’ എന്ന പ്രത്യേക വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. സാഹസിക യാത്രകൾ സംഘടിപ്പിക്കുന്നവർക്ക് ഇനി ഈ പ്ലാറ്റ്‌ഫോം വഴി അപേക്ഷകൾ സമർപ്പിക്കാം.
വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും അനുമതി നൽകുക. യാത്രകൾ രാജ്യത്തെ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ പരിശോധന.സാഹസികതയും പ്രകൃതി പര്യവേക്ഷണവും സമന്വയിപ്പിക്കുന്നതാണ് ‘അൽ റഹാല’ പദ്ധതി. ഉത്തരവാദിത്തത്തോടും പരിസ്ഥിതി സൗഹൃദപരമായും യാത്ര ചെയ്യുന്ന സംസ്കാരം വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായി ലൈസൻസ് നേടുന്ന യാത്രക്കാർക്ക് മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും പിന്തുണാ ഏജൻസികളുടെയും വിവിധ സേവനങ്ങൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താനും സാധിക്കും.
സുരക്ഷിതവും സുസ്ഥിരവുമായ സാഹസിക വിനോദസഞ്ചാരത്തിന്റെ ആഗോള കേന്ദ്രമായി സൗദി അറേബ്യയെ മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യത്തെ പ്രകൃതിഭംഗിയും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താൻ ഇത് സഹായിക്കും. കൂടാതെ, ലൈസൻസുള്ള യാത്രക്കാർ നടത്തുന്ന പ്രകൃതി-സാംസ്കാരിക പഠനങ്ങൾ പ്രൊഫഷണൽ രീതിയിൽ രേഖപ്പെടുത്തുന്നതിനും പുതിയ സംവിധാനം പ്രോത്സാഹനം നൽകും.



