തിരുവനന്തപുരം:കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് 3 വിക്കറ്റ് ജയം.ആദ്യ ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 19.5 ഓവറിൽ 140 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി 18.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 20 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ അജിനാസാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്കോർ – തൃശൂർ ടൈറ്റൻസ് – 19.5 ഓവറിൽ 140 ആലപ്പി റിപ്പിൾസ് 18.5 ഓവറിൽ 142-7.
ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തിൽ ടോസ് നേടിയ ടൈറ്റൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അക്കൗണ്ട് തുറക്കും മുൻപേ തന്നെ ആദ്യ വിക്കറ്റ് വീണു. ടി. എസ്. വിനിൽ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ കെ. ആർ. രോഹിത് മടങ്ങി. പത്ത് റൺസെടുത്ത വിഷ്ണുരാജിന്റേതായിരുന്നു അടുത്ത ഊഴം. വിനിലിന്റെ പന്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാച്ചെടുത്താണ് വിഷ്ണുരാജ് പുറത്തായത്. അടുത്ത ഓവറിൽ അഹമ്മദ് ഇമ്രാനും (16) മടങ്ങി. രണ്ട് തകർപ്പൻ സിക്സറുകളുമായി തുടങ്ങിയ ഇമ്രാൻ, അഭിജിത് പ്രവീണിന്റെ പന്തിൽ സച്ചിൻ ബേബിക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. തുടർന്നെത്തിയ ക്യാപ്റ്റൻ എം. എസ്. അഖിലിനും ഏറെ നേരം പിടിച്ചുനിൽക്കാനായില്ല. ഒരു റണ്ണെടുത്ത അഖിലിനെ അജിത് രാജാണ് പുറത്താക്കിയത്.



