തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ എമറാള്‍ഡിനും റൂബീസിനും വിജയം. എമറാള്‍ഡ് സഫയറിനെ ആറ് വിക്കറ്റിനും റൂബീസ് ആംബറിനെ 15 റണ്‍സിനുമാണ് തോല്‍പ്പിച്ചത്. ഇരു ടീമുകളുടെയും തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. എമറാള്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത സഫയര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സജന സജീവന്റെയും അന്‍സു സുനിലിന്റെയും തകര്‍പ്പന്‍ ഇന്നിങ്സുകളാണ് സഫയറിനെ മികച്ച സ്കോറിലെത്തിച്ചത്. സജന 34 പന്തുകളില്‍ നാല് ഫോറും അഞ്ച് സിക്സുമടക്കം 61 റണ്‍സും അന്‍സു സുനില്‍ 48 റണ്‍സുമെടുത്തു. എമറാള്‍ഡിന് വേണ്ടി നിയ നസ്നീനും സാന്ദ്ര സുരനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാള്‍ഡ് മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. 54 പന്തുകളില്‍ ഏഴ് ഫോറും രണ്ട് സിക്സുമടക്കം 70 റണ്‍സുമായി പുറത്താകാതെ നിന്ന എം അബീനയുടെ ഇന്നിങ്സാണ് എമറാള്‍ഡിന് വിജയമൊരുക്കിയത്. പി ആര് വൈഷ്ണ 22 റണ്‍സെടുത്തു. സഫയറിന് വേണ്ടി വിനയ സുരേന്ദ്രന് രണ്ട് വിക്കറ്റെടുത്തു.



