തിരുവനന്തപുരം: ആകാശക്കാഴ്ചകളിൽ താൽപര്യമുള്ള മലയാളികൾക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ അവസരം. തെളിഞ്ഞ ആകാശമാണെങ്കിൽ വെള്ളിയാഴ്ച വൈകീട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഐഎസ്എസ് കാണാൻ സാധിക്കും. വൈകീട്ട് 7.40 മുതൽ 7.55 വരെയുള്ള സമയത്താണ് നിലയം ദൃശ്യമാകാൻ സാധ്യത.
തെക്കുപടിഞ്ഞാറൻ ആകാശത്തുനിന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് അതിവേഗം സഞ്ചരിക്കുന്ന പ്രകാശബിന്ദുവായാണ് ഐഎസ്എസ് പ്രത്യക്ഷപ്പെടുക. വിമാനങ്ങളിലെ ലൈറ്റുകളെപ്പോലെ മിന്നിമറയില്ലെന്നതാണ് നിലയത്തെ തിരിച്ചറിയാനുള്ള പ്രധാന സൂചന. കാലാവസ്ഥയും മേഘങ്ങളുടെ സാന്നിധ്യവും കാഴ്ചയെ സ്വാധീനിച്ചേക്കാം.
അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിനു മുകളിലൂടെ കടന്നുപോകുമ്പോൾ മലയാളി വേരുകളുള്ള നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോനും അതിലുണ്ടാകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് അനിൽ മേനോൻ സ്വന്തമാക്കിയത്. അനിൽ ഉൾപ്പെടെ ഏഴ് ബഹിരാകാശ സഞ്ചാരികളാണ് നിലവിൽ നിലയത്തിലുള്ളത്.
ഭൂമിയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിലാണ് ഐഎസ്എസ് ഭൂമിയെ വലംവയ്ക്കുന്നത്. മണിക്കൂറിൽ ഏകദേശം 28,000 കിലോമീറ്ററാണ് സഞ്ചാരവേഗം. 90 മിനിറ്റുകൊണ്ട് ഭൂമിയെ ഒരുതവണ ചുറ്റുന്ന നിലയം ഒരു ദിവസം ഏകദേശം 16 പരിക്രമണങ്ങൾ പൂർത്തിയാക്കുന്നു.



