ഡൽഹി : എച്ച്.ഐ.വി. ചികിത്സ ലളിതമാക്കാൻ ആഴ്ചയിലൊരിക്കൽ കഴിക്കാനുള്ള മരുന്ന് വികസിപ്പിച്ച് ഗവേഷകർ. ദിവസവുമെടുക്കുന്ന ആന്റിറെട്രോവൈറൽ ചികിത്സയോളം ഫലപ്രദമാണ് പുതിയ മരുന്നെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ഫാർമസ്യൂട്ടിക്കൽ കമ്പനികളായ മെർക്ക്&കോയും ഗിലിയാഡ് സയൻസസും ചേർന്നാണ് മരുന്ന് വികസിപ്പിച്ചിരിക്കുന്നത്.
ഇസ്ലത്രാവിർ (islatravir), ലെനാകപാവിർ (lenacapavir) എന്നീ രണ്ട് മരുന്നുകൾ സംയോജിപ്പിച്ചാണ് ഈ പരീക്ഷണ ഗുളിക തയ്യാറാക്കിയിരിക്കുന്നത്. മൂന്നാംഘട്ട ക്ലിനിക്കൽ ട്രയിലൊനൊടുവിലാണ് മരുന്നിന്റെ ഫലപ്രാപ്തി കണ്ടെത്തിയത്. അനുമതി ലഭിച്ചാൽ ആഴ്ചയിൽ ഒരിക്കൽ മാത്രം കഴിക്കുന്ന ആദ്യത്തെ എച്ച്.ഐ.വി. ഗുളികയാവും ഇത്. റിയോ ഡി ജനീറോയിൽ നടന്ന അന്താരാഷ്ട്ര എയ്ഡ്സ് കോൺഫറൻസിൽ അവതരിപ്പിച്ച ISLEND 2 ഫേസ് 3 ട്രയലിന്റെ കണ്ടെത്തലുകൾ ‘ദ ലാൻസെറ്റ്’ (The Lancet) ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



