തിരുവനന്തപുരം: കേരളാ ബിജെപിയിൽ വീണ്ടും ചുമതലമാറ്റം. സംസ്ഥാനത്തെ രണ്ട് മേഖലകളാക്കി തിരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം. വടക്കൻ മേഖലയുടെ ചുമതല എം ടി രമേശിനും തെക്കൻ മേഖലയുടെ ചുമതല എസ് സുരേഷിനും നൽകി. അനൂപ് ആന്റണിയാണ് സംസ്ഥാന സെൽ പ്രഭാരി. കൂടാതെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ‘മിഷൻ 2029’ പ്രചാരണ വിഭാഗത്തിന്റെ ചുമതലക്കാരനായും അനൂപിനെ തീരുമാനിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയാ ചുമതല ഷോൺ ജോർജിന് നൽകി.
ശോഭാ സുരേന്ദ്രനാണ് ദേശീയ പ്രോഗ്രാം ഇൻചാർജ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ഏഴ് ജില്ലകൾ ഉൾപ്പെടുന്നതാണ് എം ടി രമേശിന് ചുമതലയുള്ള വടക്കൻ ക്ലസ്റ്റർ. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ഏഴ് ജില്ലകളാണ് എസ് സുരേഷിന് കീഴിലുള്ള തെക്കൻ ക്ലസ്റ്ററിലുള്ളത്. പുതിയ ചുമതലകൾ നിശ്ചയിച്ച സാഹചര്യത്തിൽ ജനറൽ സെക്രട്ടറിമാരെ വിവിധ മോർച്ചകളുടെ ചുമതലകളിൽനിന്ന് ഒഴിവാക്കി.



