തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കളുടെ തമ്മിൽ തല്ലിൽ അന്വേഷണത്തിനൊരുങ്ങി കെപിസിസി. എംഎൽഎ രമ്യ ഹരിദാസിന്റെ പരാതിയിലാണ് അന്വേഷണം. ഇരുവിഭാഗത്തിന്റെയും പരാതികൾ കേൾക്കാനാണ് തീരുമാനം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. തമ്മിൽതല്ല് നാണക്കേടെന്നാണ് വിലയിരുത്തൽ. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയാണ് രമ്യ ഹരിദാസ്. അതേസമയം, സംഭവത്തിൽ രണ്ട് കൂട്ടരുടെയും പരാതികളിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
എംഎല്‍എ നല്‍കിയ പരാതിയില്‍ ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരുള്‍പ്പെടെ പ്രതികളാണ്. സജാദും ഭാര്യയും നല്‍കിയ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നിരുന്നു. ഇതില്‍ യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തിരുന്നു. രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ളയാളാണ് പാളയം പ്രദീപ്.
ഇതിനെ ജനപ്രതിനിധികള്‍ ചോദ്യം ചെയ്യുകയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതേപ്പറ്റി സംസാരിക്കുന്നതിനായി എംഎല്‍എയും പാളയം പ്രദീപും ഫേസ്ബുക്ക് പോസ്റ്റിട്ട ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ എത്തുകയും വിഷയത്തില്‍ സംസാരമുണ്ടാവുകയും ചെയ്തു. ഇതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വീട്ടിലെത്തുകയും എംഎല്‍എയുമായി വാക്കേറ്റമുണ്ടാവുകയുമായിരുന്നു. പിന്നാലെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തിന് പിന്നാലെ രമ്യ ഹരിദാസ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചെന്നായിരുന്നു രമ്യ ഹരിദാസിന്റെ ആരോപണം.



