ഡൽഹി : വർഷങ്ങളോളം മറ്റുളളവരുടെ വിജയത്തിനായി തന്ത്രം മെനഞ്ഞ പ്രശാന്ത് കിഷോർ ഒടുവിൽ തനിക്കായി മെനഞ്ഞ തന്ത്രം ഫലം കണ്ടു. മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വിജയം സ്വന്തമാക്കി. ബിഹാറിലെ ബങ്കിപൂരിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ നീരജ് കുമാർ സിൻഹയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബിജെപി അധ്യക്ഷനായ നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ബങ്കിപൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 19,324 വോട്ടുകൾക്ക് ബിജെപിക്കുമേൽ അട്ടിമറി വിജയമാണ് പ്രശാന്ത് നേടിയത്. പികെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രശാന്ത് കിഷോർ ഒരു പതിറ്റാണ്ടോളം രാജ്യത്തെ പ്രമുഖ ദേശീയ- പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിച്ചതിന് ശേഷമാണ് സ്വന്തമായി രാഷ്ട്രീയ പാർട്ടിയുണ്ടാക്കി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. രാജ്യം കണ്ട പരമ്പരാഗത തെരഞ്ഞെടുപ്പ് പ്രചാരണ രീതികളിൽ നിന്ന് വ്യത്യസ്തമായി ഡാറ്റ അധിഷ്ഠിത തന്ത്രങ്ങൾക്കും കോർപ്പറേറ്റ് ശൈലിയിലുളള മാനേജ്മെന്റിനും രൂപം നൽകിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് പ്രശാന്ത് കിഷോർ.



