തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഹനങ്ങൾ കടത്തിവിട്ട സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ഒ.ജെ ജനീഷ്. സുരേഷ് ഗോപി കേന്ദ്ര സർക്കാരിന്റെ ഭാഗമായതിനാലാണ് നടപടിയുണ്ടാകാത്തതെന്നും, മറ്റാര് ചെയ്താലും ഇതിനകം കേസാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ടോളിൽ ശാശ്വത പരിഹാരം കാണാൻ സുരേഷ് ഗോപി ശ്രമിക്കണമെന്നും, ടോൾ നൽകാൻ ജനം തയ്യാറാണെങ്കിലും സർവീസ് റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലിയോണൽ മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസിൽ എസ് ഐ ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പത്ത് ലക്ഷം രൂപ മാത്രം പേയ്ഡ് അപ്പ് ക്യാപ്പിറ്റലുള്ള കമ്പനി എങ്ങനെയാണ് 200 കോടിയുടെ ഇവന്റിന് ഇറങ്ങിത്തിരിച്ചത് എന്നതിൽ ഉൾപ്പെടെ വ്യക്തത കുറവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിറയൻകീഴ് സംഭവത്തിൽ പാർട്ടി അന്വേഷണം നടക്കുന്നുണ്ടെന്നും അതിൽ തൽക്കാലം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



