ചെന്നൈ: തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ അനധികൃത പണപ്പിരിവാണ് ഡിഎംകെ കാലത്തുണ്ടായതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിദി സ്റ്റാലിൻ, മുന്‍ മന്ത്രി സെന്തില്‍ ബാലാജി എന്നിവര്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇത് എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് തന്നെ പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ മുന്‍ മുഖ്യമന്ത്രി കരുണാനിധി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്തവര്‍ മരിക്കണമെന്ന് ഡിഎംകെ നേതാവ് പറഞ്ഞതായും വിജയ് ആരോപിച്ചു. അത്തരം മനോഭാവമുള്ള ഡിഎംകെ എന്തിനാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി തുടരുന്നതെന്നായിരുന്നു മുഖ്യമന്ത്രി വിജയ് ചോദിച്ചത്. ക്രമസമാധാന പരിപാലനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസിലെ ഒഴിവുകള്‍ അടിയന്തരമായി നികത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കൂടുതല്‍ സവിശേഷതകളോടെ വകുപ്പിനെ ഡിജിറ്റല്‍വല്‍ക്കരിക്കുമെന്നും വിജയ് പറഞ്ഞു.
യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകളുമില്ലാതെ പൊലീസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ടിവികെ നേതാവ് കൊലചെയ്യപ്പെട്ട വിഷയത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ വലിയ വിമര്‍ശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും വിജയ് അഭ്യര്‍ത്ഥിച്ചു.



